തിരുവനന്തപുരത്ത് പൊലീസുകാരനെ മർദിച്ച കേസിലെ പ്രതി അറസ്റ്ററ്റിൽ
മെഡിക്കൽ കോളജ്: പൊലീസുകാരനെ മർദിച്ച കേസിലെ പ്രതിയെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളജ് വളപ്പിൽ അന്തിയുറങ്ങുന്ന കൊല്ലം സ്വദേശി മൊട്ട രഞ്ജിത്ത് എന്ന രഞ്ജിത്താണ് അറസ്റ്റിലായത്. മെഡിക്കൽ കോളജ് സ്റ്റേഷനിലെ പൊലീസുകാരനായ രഞ്ജിത് കുമാറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയോടെ എസ്.എ.ടി ആശുപത്രി പീഡിയാട്രിക് കാഷ്വാലിറ്റിക്കു സമീപമാണ് സംഭവം.
മദ്യം വാങ്ങി ഓട്ടോയിൽ വന്നിറങ്ങിയ പ്രതി ഓട്ടോക്കൂലി കൊടുക്കാതെ വാക്കേറ്റത്തിലേർപ്പെട്ട് ഡ്രൈവറെ മർദിച്ചു. ഈ സമയം പട്രോളിങ്ങിനിടെ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ പിടിച്ചുമാറ്റുന്നതിനിടയിൽ ഇയാൾ പൊലീസുകാരനെ കല്ലുകൊണ്ട് നെഞ്ചിലും മുഖത്തും ഇടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു.
യൂനിഫോമിന്റെ ബട്ടൺ വലിച്ചുപൊട്ടിക്കുകയും വയർലെസ് ഹാൻഡ്സെറ്റ് നിലത്തിട്ട് പൊട്ടിക്കുകയും ചെയ്തു. മറ്റു പൊലീസുകാരെത്തി പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചു. പരിക്കേറ്റ പൊലീസുകാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.