തിരുവനന്തപുരത്ത് ബൈക്ക് മോഷണ കേസിലെ പ്രതികൾ പിടിയിൽ
പോത്തൻകോട്: ഒറ്റരാത്രിയിൽ മൂന്ന് ബൈക്കുകൾ കവർന്ന മൂന്നംഗ സംഘം പിടിയിൽ. പോത്തൻകോട്, മംഗലപുരം പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്ന് ബൈക്കുകൾ കവർന്നത്.
പോത്തൻകോട് തച്ചപ്പള്ളിയിൽ സിയാദിന്റെയും മേലേവിളയിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തംഗം ജയചന്ദ്രന്റെയും വീടിന് മുന്നിലിരുന്ന രണ്ട് ബൈക്കുകൾ ഒരു ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കടത്തിയത്. ഇതേ രാത്രി തന്നെ മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിന്റെ വീട്ടിൽ നിന്ന് മറ്റൊരു ബൈക്കും സംഘം കടത്തി.
വാവറയമ്പലം ആനക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) എന്നിവരാണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ മോഷ്ടിച്ച ബൈക്കുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പെട്രോൾ പമ്പിലെത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ച മൂന്ന് ബൈക്കുകളും കണ്ടെത്തി.