തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
കഴക്കൂട്ടം: ചെമ്പഴന്തി ഇടത്തറയിൽ മദ്യലഹരിയിൽ ഭിന്നശേഷിക്കാരിയായ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിലായി. ഇടത്തറ മാധവാശ്രമത്തിൽ ജയകുമാരൻ നായരാണ് (61) അറസ്റ്റിലായത് കഴിഞ്ഞ 23ന് രാത്രി എട്ടോടെയാണ് മദ്യപിച്ചെത്തിയ ജയകുമാരൻ ലൗഷ (51)യെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. സംസാരശേഷിയില്ലാത്ത ഭാര്യ ലൗഷയെ തലക്കുപിന്നിലും കൈകളിലും വെട്ടുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച മകൾക്കും മർദനമേറ്റു.
സ്ഥിരമായി മദ്യപിച്ച് ഭാര്യയെയും മക്കളെയും ആക്രമിക്കുന്നത് പതിവായതോടെ നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഭാര്യക്കും മക്കൾക്കും കോടതി സംരക്ഷണത്തിന് ഉത്തരവ് നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ഗുരുതര പരിക്കേറ്റ ലൗഷ മെഡി. കോളജിൽ ചികിത്സയിലാണ്. അക്രമത്തിന് ശേഷം കാട്ടായിക്കോണത്തെ പാറക്വാറികളിൽ ഒളിവിലായിരുന്ന ജയകുമാറിനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പിടികൂടിയത്.
കൃത്യത്തിന് ഉപയോഗിച്ച വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ ശ്രീകുമാർ, എസ്.ഐ ആർ. ശരത്, ജി.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ മനോജ്, സജാദ് ഖാൻ, അരുൺ, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.