തിരുവനന്തപുരത്ത് നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
നെടുമങ്ങാട്: കാറിൽ വിൽപനക്കായി കൊണ്ടുപോയ നാല് കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. പാലോട് സ്വദേശി അനൂപ് (55), പനവൂർ സ്വദേശി രാജീവ് (57) എന്നിവരെയാണ് നെടുമങ്ങാട് എക്സൈസ് സർക്കിൾ സംഘം പിടികൂടിയത്.
കാട്ടാക്കട മിനി സിവിൽ സ്റ്റേഷൻ സമീപത്തുനിന്ന് വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് ഇവർ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇവർ സഞ്ചരിച്ച മഹീന്ദ്ര കാറിന്റെ രഹസ്യഅറയിൽ നിന്നാണ് 3.964 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. ബാലരാമപുരത്തുനിന്നുമാണ് ഇവർക്ക് കഞ്ചാവ് കിട്ടിയതെന്ന് പറയുന്നു. രാജീവ് നേരത്തേ അബ്കാരി കേസിലെ പ്രതിയാണ്. ഇവരെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.