മലപ്പുറം ചോലക്കുന്നിൽ വീട് കുത്തിത്തുറന്ന് മോഷണം
kannur adikadalayi robbery

എടപ്പാൾ : വട്ടംകുളത്ത് വീട് കുത്തിത്തുറന്ന് മോഷണം. ചോലക്കുന്ന് എട്ടാം വാർഡിൽ താമസിക്കുന്ന താമരശ്ശേരി ടി.ആർ. സന്ദീപിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലർച്ചയോടെയാണ് വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് അകത്തുകടന്നത്.

മുറിയിലുണ്ടായിരുന്ന ലേഡീസ് ബാഗിൽനിന്ന് 5000 രൂപ നഷ്ടപ്പെട്ടു. അലമാര തുറന്നെങ്കിലും മുറിയിൽ ഉറങ്ങിക്കിടന്ന സന്ദീപിന്‍റെ അമ്മ ചുമച്ചതിനാൽ മോഷ്ടാവ് ഇറങ്ങിയോടി എന്നാണ് കരുതുന്നത്. മോഷണത്തിന് വന്നയാളുടേതെന്ന് കരുതപ്പെടുന്ന തോർത്തും കമ്പിക്കഷ്ണവും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ചങ്ങരംകുളം പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു.

മോഷ്ടാവിനെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കഴിഞ്ഞാഴ്ച അംശക്കച്ചേരിയിൽ മാവേലി സ്റ്റോറിലും പോസ്റ്റ് ഓഫിസിലും കള്ളൻ കയറിയിരുന്നു. സമീപത്തെ വീട്ടിൽനിന്ന് ബൈക്കും മോഷണം പോയിരുന്നു. പിറ്റേ ദിവസം ജനലിലൂടെ യുവതിയുടെ മാല കവർന്നതായും പരാതിയുണ്ട്.

Share this story