പട്ടാപ്പകൽ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മൂന്നര പവന്റെ മാല മോഷ്ടിച്ചു


വെളിയങ്കോട്: പട്ടാപ്പകൽ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മൂന്നര പവന്റെ മാല അപഹരിച്ചു. വെളിയങ്കോട് പഴഞ്ഞി റേഷൻ കടക്ക് സമീപം പിലാക്കൽ വീട്ടിൽ കൊട്ടിലിങ്ങൽ പരിച്ചൂമ്മയുടെ മാലയാണ് മോഷ്ടിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. മുറ്റത്ത് ചെടി നനക്കുമ്പോഴാണ് മോഷ്ടാവ് പിറകിൽനിന്ന് പരീച്ചുമ്മയുടെ മുഖത്ത് തുണിയിട്ട് മൂടിയശേഷം മാല അപഹരിച്ചത്. മാലയുടെ പകുതി മാത്രമേ മോഷ്ടാവിന് കൈയിൽ കിട്ടിയുള്ളു.
മാല പറിച്ചതോടെ നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അയൽവാസികൾ ഓടിയെത്തി മോഷ്ടാവിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത ഷർട്ടിട്ട യുവാവ് പരിച്ചകം ഭാഗത്തേക്ക് ഓടുന്നതായി അയൽവാസികൾ കണ്ടതായി പറയുന്നു. പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകി.