പാലക്കാട് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം
Nov 30, 2024, 18:38 IST
ഒറ്റപ്പാലം: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ഒരുലക്ഷം രൂപയും റാഡോ വാച്ചും കവർന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന 63 പവനും മോഷണം പോയെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് നടന്ന വിശദമായ പരിശോധനയിൽ കണ്ടെടുത്തു. വാണിയംകുളം ത്രാങ്ങാലിയിലെ പാർമൂച്ചിക്കൽ ബാലകൃഷ്ണന്റെ വീട്ടിലാണ് കവർച്ച നടന്നത്. പുറത്തുനിന്നും ഏണി ചാരിവെച്ച് വീടിന്റെ മുകൾ നിലയിൽ കയറി ഇരുമ്പ് വാതിലും മരവാതിലും തകർത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിട്ടുള്ളത്. മുകളിൽ കവർച്ച ശ്രമം നടത്തിയെങ്കിലും ഒന്നും ലഭിക്കാതെ വന്നതോടെയാണ് താഴെയെത്തി മോഷണം നടത്തിയിരിക്കുന്നത്.
താഴെ ബെഡ് റൂമിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന പണവും വാച്ചുമാണ് അപഹരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യയുടെയും മകളുടെയും സ്വർണാഭരണങ്ങൾ വീട്ടിൽ അലമാരയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. പൊലീസിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധനക്കുശേഷം വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്.