പാലക്കാട് ക്ഷേത്രത്തില്‍ മോഷണം:പ്രതി പിടിയില്‍

arrest8
arrest8

പാലക്കാട്: ശ്രീകൃഷ്ണപുരം പെരുമാങ്ങോട് വിഷ്ണു ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. ചളവറ കയിലിയാട് ചീരാന്‍കുഴി വീട്ടില്‍ മണികണ്ഠനാണ് (52) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പെരുമാങ്ങോട് ക്ഷേത്രത്തിനു മുന്‍വശത്തെ ആല്‍മരത്തിനു സമീപം വെച്ചിരുന്ന ഭണ്ഡാരമാണ് ഇയാള്‍ കുത്തി തുറന്നത്. അയ്യായിരത്തോളം രൂപ നഷ്ടപെട്ടിരുന്നു.

രാവിലെ ക്ഷേത്രത്തില്‍ എത്തിയവരാണ് മോഷണം നടന്നത് കണ്ടത്. ശ്രീകൃഷ്ണപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. തൊട്ടടുത്തുള്ള വടുകനാംകുറുശ്ശി ക്ഷേത്രത്തിന് സമീപമുള്ള കിഴക്കേ വാര്യത്തുള്ള കുടുബ ക്ഷേത്രത്തിലെ മുന്‍പിലെ ഭണ്ഡാരവും കുത്തിത്തുറന്നിരുന്നു. പരിസരത്തെ വീടുകളിലെ ഗേറ്റ് തുറന്നിടുകയും പൂട്ടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

 മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഇയാള്‍ സമാനമായ മുപ്പതോളം കേസുകളില്‍ പ്രതിയാണ്. കാപ്പാ കേസില്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ഒരു മാസം മുമ്പാണ് പുറത്തിറങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
 

Tags