മോഷണം നടത്തി മുങ്ങിയ പ്രതി പോലീസ് പിടിയിൽ
ആലപ്പുഴ: തമിഴ്നാട്ടിൽ മോഷണം നടത്തിയശേഷം മുങ്ങിനടന്നയാൾ കുത്തിയതോട് പൊലീസിന്റെ പിടിയിൽ. കൊല്ലം എഴുക്കോൺ എടക്കടം അഭിഹാറിൽ അഭിരാജ് (31) ആണ് പിടിയിലായത്.
കുത്തിയതോട് ചമ്മനാട് ഭാഗത്ത് സംശയാസ്പദമായ രീതിയിൽ കണ്ട ഇയാളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. 2024 നവംബറിൽ തമിഴ്നാട് തിരുനെൽവേലി പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗാന്ധിനഗർ ഐ.ഒ.ബി കോളനി ആന്റണി തങ്കദുരൈ എന്നയാളുടെ വീട്ടിൽ നിന്ന് 18,55,250 രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.
ചേർത്തല പൂച്ചാക്കൽ, അരൂർ, നീലേശ്വരം, കണ്ണൂർ ടൗൺ, ഇരിക്കൂർ, പുനലൂർ, അഞ്ചൽ, ചോറ്റാനിക്കര, വൈക്കം, ആലത്തൂർ, പനമരം എന്നീ സ്റ്റേഷനുകളിലും മോഷണ കേസിൽ പ്രതിയാണ്. കുത്തിയതോട് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ പാർപ്പിച്ച പ്രതിയെ പിന്നീട് തിരുനൽവേലി പേട്ട പൊലീസിന് കൈമാറി.
പകൽ സമയത്ത് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ അജയ് മോഹൻ, പൊലീസ് സബ് ഇൻസ്പെക്ടർ പി.ആർ. രാജീവ്, സി.പി.ഒമാരായ ഗോപകുമാർ, ബിനു, ജോളി മാത്യു എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.