തലശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച : 17 പവൻ നഷ്ടപ്പെട്ടു
robbery

തലശ്ശേരി: അടച്ചിട്ട വീട്ടിൽനിന്ന് 17 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. കുയ്യാലി മത്തിക്കാവിന് സമീപം റോസ് മഹലിൽ കെ.കെ. നാസറിന്റെ ഇരുനില വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു.

മുകളിലും താഴെയുമുള്ള മുറികളിലെ അലമാരയും മേശയും കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിട്ടുണ്ട്. വീട്ടുടമ നാസർ മലേഷ്യയിലാണ്. നാസറിന്റെ ഭാര്യയും മകളുമാണ് വീട്ടിൽ താമസം. അവർ വീടുപൂട്ടി ബന്ധുവീട്ടിൽ പോയതായിരുന്നു.

തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി വീട്ടുകാർ അറിഞ്ഞത്. വീട്ടിലെ സി.സി.ടി.വിയുടെ റെക്കോഡ് മോഷ്ടാക്കൾ കൊണ്ടുപോയി. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സെപ്റ്റംബർ 15നും 19നും ഇടയിലുള്ള ദിവസമാണ് കവർച്ച നടന്നതെന്നാണ് വിവരം.

തലശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Share this story