ബ്രൗൺഷുഗർ കടത്ത് ; തലശ്ശേരിയിൽ നാല് യുവാക്കൾ അറസ്റ്റിൽ
jbi

തലശ്ശേരി: ബ്രൗൺഷുഗർ കടത്തുകയായിരുന്ന നാലംഗ സംഘം തലശ്ശേരിയിൽ പൊലീസ് പിടിയിൽ. തലായിയിൽ വാഹന പരിശോധനക്കിടെയാണ് 1.25 ഗ്രാം ബ്രൗൺഷുഗറുമായി യുവാക്കളെ പൊലീസ് പിടികൂടിയത്. വളപട്ടണം സ്വദേശി ശിബാസ്, ചാലാട് സ്വദേശി കെ.എൽ. യൂസഫ്, തലശ്ശേരി സ്വദേശി സുനീർ കൊളത്തായി, കണ്ണൂർസിറ്റി സ്വദേശി സാദ് അഷ്റഫ് എന്നിവരെയാണ് തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിൽ അറസ്റ്റ് ചെയ്തത്.

തലശ്ശേരി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന വൻ സംഘമാണ് പിടിയിലായതെന്നും ഇവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുമെന്നും പൊലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പിടിച്ചെടുത്തു. ഇവർക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ മയക്കുമരുന്ന് വിൽപന നടത്തിയതിന് കേസുകളുണ്ട്. തലശ്ശേരി മേഖലകളിൽ പരിശോധനകൾ ശക്തമാക്കാനാണ് തീരുമാനം.

കഴിഞ്ഞ ദിവസം തലശ്ശേരി കോട്ടക്ക് സമീപം ബ്രൗൺ ഷുഗറുമായി ടെമ്പിൾഗേറ്റ് സ്വദേശി സി.വി. അഫ്സലിനെയും (36) പൊലീസ് പിടികൂടിയിരുന്നു. നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന വ്യാപകമാണെന്ന പരാതി നിലനിൽക്കെയാണ് ഇത്തരക്കാരെ പിടികൂടാൻ പൊലീസ് രംഗത്തിറങ്ങിയത്. എസ്.ഐ ഷെമിമോൾ അനിൽ കുമാർ, അരുൺ, ജിജേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Share this story