പ്രണയം നടിച്ച് വിദ്യാർഥിനിയുടെ പിതാവിൽനിന്ന് നാലു ലക്ഷം രൂപ തട്ടി; അധ്യാപികയും സഹായികളും അറസ്റ്റിൽ

crime
crime

ബംഗളൂരു: പ്രണയം നടിച്ച് വിദ്യാർഥിനിയുടെ പിതാവിൽനിന്ന്  നാലു ലക്ഷം രൂപ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അധ്യാപികയും സഹായികളും അറസ്റ്റിൽ. പ്രീ സ്കൂൾ പ്രിൻസിപ്പലായ ശ്രീദേവി രുദാഗി (25), ഗണേഷ് കലെ (38), സാഗർ (28) എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

സ്കൂളിൽ പഠിക്കുന്ന അഞ്ചുവയസ്സുകാരിയുടെ പിതാവുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് സ്വകാര്യ ഫോട്ടോയും വിഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെന്നും 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് കേസ്.

വെസ്റ്റേൺ ബംഗളൂരുവിൽ ഭാര്യക്കും മൂന്നു മക്കൾക്കുമൊപ്പമാണ് പരാതിക്കാരനായ വ്യവസായി താമസിച്ചിരുന്നത്. 2023ൽ അഞ്ചു വയസ്സുള്ള ഇളയ മകളുടെ അഡിമിഷനുമായി ബന്ധപ്പെട്ട സ്കൂളിലെത്തിയപ്പോഴാണ് കുട്ടിയുടെ പിതാവും ശ്രീദേവിയും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും സൗഹൃദം തുടരുകയും കൂടുതൽ അടുക്കുകയും ചെയ്തു. പുതിയ ഫോണും സിം കാർഡും ഉപയോഗിച്ച് മെസേജ് അയക്കുന്നതും വിഡിയോ കോളുകൾ വിളിക്കുന്നതും പതിവായി. പിന്നാലെയാണ് സ്വകാര്യ ചിത്രങ്ങൾ കുടുംബത്തിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാൻ തുടങ്ങിയത്.

ജനുവരിയിൽ 15 ലക്ഷം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതോടെ 50,000 വാങ്ങാനെന്ന വ്യാജേന ശ്രീദേവി പരാതിക്കാരന്റെ വീട്ടിലെത്തി. ഇതിനിടെ ബിസിനസ് തകർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം ഗുജറാത്തിലേക്ക് താമസം മാറാൻ തീരുമാനിച്ചു. കുട്ടിയുടെ വിടുതൽ സർട്ടിഫിക്കറ്റിനായി സ്കൂളിലെത്തിയതോടെ പിതാവിനെ ഭീഷണിപ്പെടുത്തി അധ്യാപികയും സഹായികളും 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. തന്നില്ലെങ്കിൽ ശ്രീദേവിയും പരാതിക്കാരനും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോയും വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. 15 ലക്ഷം തരാമെന്ന് സമ്മതിച്ച പരാതിക്കാരൻ 1.9 ലക്ഷം രൂപ ഇവർക്ക് നൽകുകയും ചെയ്തു.

പിന്നീട് ശ്രീദേവി ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടതോടെയാണ് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയത്. മുൻ പൊലീസ് ഉദ്യോഗസ്ഥന് എട്ടു ലക്ഷവും സാഗറിനും ഗണേഷിനും ഓരോ ലക്ഷം വീതവും തനിക്ക് എട്ടു ലക്ഷം നൽകണമെന്നുമാണ് അധ്യാപിക ആവശ്യപ്പെട്ടത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags

News Hub