ഹൈദരാബാദിൽ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് ജർമൻ യുവതിയെ ബലാത്സംഗം ചെയ്ത സംഭവം: ടാക്‌സി ഡ്രൈവർ പിടിയിൽ


ഹൈദരാബാദ്: ഹൈദരാബാദിൽ 25-കാരിയായ ജർമൻ യുവതിയെ ബലാത്സംഗം ചെയ്ത ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പഹാഡിഷരീഫിലുള്ള മാമിഡിപ്പള്ളിയിൽ തിങ്കളാഴ്ചയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
ഇറ്റലിയിൽ തനിക്കൊപ്പം പഠിച്ച ഒരു സുഹൃത്തിനെ കാണാൻ മറ്റൊരു ജർമൻ സുഹൃത്തിനൊപ്പം യുവതി മാർച്ച് നാലിനാണ് ഹൈദരാബാദിലെത്തുന്നത്. തിങ്കളാഴ്ച ജർമൻ സുഹൃത്തിനൊപ്പം നഗരം ചുറ്റവേയാണ് ടാക്‌സി ഡ്രൈവർ ഇരുവരെയും സമീപിക്കുന്നത്. നഗരം ചുറ്റിക്കാണാൻ സഹായിക്കാമെന്നായിരുന്നു ടാക്‌സി ഡ്രൈവറുടെ വാഗ്ദാനം. തുടർന്ന് സുഹൃത്തിനൊപ്പം യുവതി ടാക്‌സിയിൽ പല സ്ഥലങ്ങൾ സന്ദർശിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു.
തുടർന്ന് സുഹൃത്തിനെ തിരികെ താമസസ്ഥലത്താക്കി യുവതിയുമായി മടങ്ങവേ ടാക്‌സി ഡ്രൈവർ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് അവരെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഉടൻ തന്നെ ടാക്‌സി ഡ്രൈവർ സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ജർമൻ സുഹൃത്തിനെ വിവരമറിയിച്ച് യുവതി പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.
