തൃശ്ശൂരിൽ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു

accident


തൃശൂര്‍: ഇരിങ്ങാലക്കുട മാപ്രാണം പള്ളിയില്‍നിന്നും മടങ്ങും വഴി നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. മാപ്രാണം ലാല്‍ ആശുപത്രിക്ക് സമീപം കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് അപകടം നടന്നത്. മാപ്രാണം സ്വദേശിയായ കുറ്റിക്കാടന്‍ വീട്ടില്‍ ഷൈജു (43) ആണ് മരിച്ചത്. 

ഇടവക ദിനാചരണത്തിന്റെ ഭാഗമായി മാപ്രാണം പള്ളിയിലെ പരിപാടികള്‍ കഴിഞ്ഞ് ഭാര്യയെയും ഒരു കുട്ടിയെയും സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടു വന്ന് ആക്കിയതിന് ശേഷം മറ്റ് രണ്ട് കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പുറകില്‍ സ്‌കൂട്ടര്‍ ഇടിച്ച് കയറി അപകടം നടന്നത്. 

അപകട സമയത്ത് മഴയുണ്ടായിരുന്നു. അപകടത്തില്‍ ഷൈജു മരണപ്പെടുകയും കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതര പരുക്കേറ്റ എഡ്‌വിന്‍ എന്ന കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

കുറച്ച് ദിവസങ്ങളായി റോഡരികില്‍ കേടായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് അപകട സൂചനകള്‍ നല്‍കുന്ന റിഫ്‌ളക്റ്ററുകള്‍ സ്ഥാപിച്ചിരുന്നില്ല എന്നാക്ഷേപവും ഉണ്ട്. അമ്മ: റോസിലി. ഭാര്യ: ആന്‍സി. മക്കള്‍: എവ്‌ലിന്‍, എഡ്‌വിന്‍, ഇവാന്‍. സംസ്‌കാരം ഇന്ന് 11ന് മാപ്രാണം ഹോളി ക്രോസ് ദേവാലയ സെമിത്തേരിയില്‍ നടത്തും. ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്റെ സഹോദരനാണ് ഷൈജു.
 

Tags