മദ്യം വാങ്ങാൻ പണം നൽകിയില്ല, രാത്രി സുഹൃത്തിനെ കുത്തി വീഴ്ത്തി : പ്രതി പിടിയിൽ
alcohol, stabbed

ഹരിപ്പാട്: മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് സുഹൃത്തിനെ കുത്തി പരിക്കേൽപിച്ച യുവാവിനെ പൊലീസ് പിടികൂടി. സംഭവത്തിൽ മുട്ടം ദിലീപ് ഭവനത്തിൽ ദിലീപ് (39) നെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അയൽവാസിയും സുഹൃത്തുമായ മുട്ടം കൃഷ്ണാലയം വീട്ടിൽ ജയനെ (48) ആണ് കുത്തി പരിക്കേൽപ്പിച്ചത്. ഞായറാഴ്ച രാത്രി മുട്ടം ചൂണ്ടുപലക ജംഗ്ഷനിലായിരുന്നു സംഭവം നടന്നത്.

ജയൻ ജംഗ്ഷനിൽ നിൽക്കുമ്പോഴാണ് മദ്യം വാങ്ങാനായി ദിലീപ് പണം ആവശ്യപ്പെട്ടത്. എന്നാൽ ജയൻ പണം നൽകാൻ തയ്യാറായില്ല. തുടർന്ന് പ്രകോപിതനായ ദിലീപ് കയ്യിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. പരിക്കേറ്റ ജയൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കരീലക്കുളങ്ങര എസ് ഐ ഷെഫീഖിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

Share this story