ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയിൽ നിന്ന് പണം തട്ടിയ സംഭവം ; യുവതിയടക്കം 2 പേർ പോലീസ് പിടിയിൽ
കോഴിക്കോട്: കാക്കൂരിൽ ലൈംഗികാതിക്രമ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്. കേസിൽ കോഴിക്കോട് സ്വദേശി ഭക്ത വൽസലൻ, കാക്കൂർ സ്വദേശി ആസ്യ എന്നിവരാണ് നിലവിൽ പിടിയിലായത്. കോഴിക്കോട് കാക്കൂർ കുമാരസാമിയിലുള്ള വയോധികനായ വ്യാപാരിക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികൾ പണം തട്ടിയത്.
കോഴിക്കോട് സ്വദേശി ഭക്തവൽസലൻ, കാക്കൂർ സ്വദേശി ആസ്യ എന്നിവരാണ് പിടിയിലായ പ്രതികൾ. ആറുലക്ഷം രൂപയാണ് പ്രതികൾ വ്യാപാരിയിൽ നിന്നും ആവശ്യപ്പെട്ടത്. ഇതിൽ അമ്പതിനായിരം രൂപ ആദ്യ ഗഡുവായി വാങ്ങുകയും ചെയ്തു. വീണ്ടും തുടർച്ചയായി വിളിച്ച് പണം ആവശ്യപ്പെട്ടപ്പോഴാണ് സുഹൃത്തിനോട് വ്യാപാരി സംഭവം പറയുന്നത്.
തുടർന്ന് കഴിഞ്ഞ ദിവസം പരാതിയുമായി കാക്കൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളുടെ അക്കൗണ്ടിലേക്കാണ് 50000 രൂപ വ്യാപാരി അയച്ചു കൊടുത്തത്. ആസൂത്രിത തട്ടിപ്പിൽ പങ്കുള്ള രണ്ടു പേർകൂടി പിടിയിലാകാനുണ്ട്. ഇവരും കോഴിക്കോട് ജില്ലക്കാരാണ്. പ്രതികൾ സമാനതരത്തിലുള്ള കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികൾ രണ്ടുപേരെയും റിമാൻഡ് ചെയ്തു.