കുവൈത്തിൽ മയക്കുമരുന്നുമായി ഏഴുപേർ പിടിയിൽ
കുവൈത്ത് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് കടത്ത്, ഉപയോഗം, വിൽപന എന്നിവക്കെതിരെ സുരക്ഷാപരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവ വിൽപന നടത്തിയ ഡീലർമാരെ അറസ്റ്റ് ചെയ്തു. അഞ്ച് വ്യത്യസ്ത കേസുകളിലായി ഏഴു പേരാണ് അറസ്റ്റിലായത്.
പ്രതികളില്‍നിന്ന് 24 കിലോഗ്രാം വിവിധ മയക്കുമരുന്നും,28,500 സൈക്കോട്രോപിക് ലഹരിവസ്തുക്കളും കഞ്ചാവ് തൈകളും ആയുധങ്ങളും പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. ലഹരി വിൽപന സംഘത്തിനെതിരായ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.