കൊല്ലത്ത് വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
rape

കിളികൊല്ലൂര്‍: വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോ കേസില്‍ പിടിയില്‍. മലപ്പുറം വട്ടംകുളം നെല്ലിശ്ശേരി കാങ്കേല വളപ്പില്‍ നിഹാദിനെ (22) യാണ് കിളികൊല്ലൂര്‍ പൊലീസ് പിടികൂടിയത്.

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായി നവമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിക്കുകയും കഴിഞ്ഞ അഞ്ചിന് കൊല്ലത്തെത്തുകയുമായിരുന്നു.

ഫോണിലൂടെ വിവാഹ വാഗ്ദാനവും ഇയാള്‍ നടത്തിയിരുന്നു. അഞ്ചിന് കൊല്ലത്തെത്തിയ യുവാവ് കിളികൊല്ലൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വിദ്യാർഥിയെ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന്, ഇയാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിഹാദിനെ മലപ്പുറത്തുനിന്ന് അറസ്റ്റ്‌ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്വാതി, ജയന്‍ സക്കറിയ, എ.എസ്.ഐമാരായ സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍, ജിജു, സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്.

Share this story