പുതുച്ചേരി-മംഗളൂരു സെന്‍ട്രല്‍ ട്രെയിനിലെ കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍

google news
sss

പാലക്കാട്: ട്രെയിനില്‍ യാത്രക്കാരുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. പാലക്കാട് കൊല്ലങ്കോട് ലക്ഷംവീട്ടില്‍ സുരേഷ് (46), എറണാകുളം തൃക്കാക്കര നിലത്തില്‍ വീട്ടില്‍ സനില്‍ (54) എന്നിവരെയാണ് സി.പി.ഡി.എസ്. ടീം പിടികൂടിയത്. പുതുച്ചേരി-മംഗളൂരു സെന്‍ട്രല്‍ (16855) എക്‌സ്പ്രസില്‍ ഇക്കഴിഞ്ഞ 11-നാണ് കവര്‍ച്ച നടന്നത്. ട്രെയിനിലെ എ വണ്‍ കോച്ചില്‍നിന്ന് 3,60,000 രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.

തുടര്‍ന്ന് ട്രെയിനിന്റെ അസി. സെക്യൂരിറ്റി കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ സി.ഡി.പി.എസ്. (ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ്) ടീം സംഭവദിവസം ഈ കോച്ചില്‍ യാത്ര ചെയ്ത യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു.അന്വേഷണത്തിനിടെ ഒരു യാത്രക്കാരനെ സംശയിച്ച സംഘം തിരുനെല്‍വേലി, അങ്കമാലി സ്റ്റേഷനുകളില്‍ നിന്ന് ഇയാളുടെ റിസര്‍വേഷന്‍ ഫോമും ഫോണ്‍ നമ്പറും വീഡിയോ ദൃശ്യങ്ങളും ശേഖരിച്ചു. തുടര്‍ന്ന് ലോക്കല്‍ പോലീസ്, സൈബര്‍ സെല്‍ എന്നിവയുടെ സഹായത്തോടെ സംശയമുനയിലുണ്ടായിരുന്ന സുരേഷിനെ കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ കൂട്ടാളിയെയും പിടികൂടി. കോഴിക്കോട് ജില്ലയിലെ ഒരു സ്വര്‍ണാഭരണശാലയില്‍ നടന്ന മോഷണത്തില്‍ പങ്കുള്ളതായി ഇരുവരും സമ്മതിച്ചു.

കോഴിക്കോട് ആര്‍.പി.എഫ്. പോസ്റ്റില്‍ എത്തിച്ച പ്രതികളെ കോഴിക്കോട് റെയില്‍വേ പോലീസിന് കൈമാറി.എസ്.ഐ.പി.എഫ്/ടി.ഐ.ആര്‍. കെ.എം.സുനില്‍ കുമാര്‍, എ.എസ്.ഐ/പി.ഒ.വൈ. സജി അഗസ്റ്റിന്‍, എച്ച്.സി./സി.എല്‍.ടി. എം. ബൈജു, എച്ച്.സി./ബി.ഡി.ജെ. വിജേഷ്, കോണ്‍/എം.എ.ക്യു. സി. അബ്ബാസ് എന്നിവരടങ്ങുന്ന സി.പി.ഡി.എസ്. ടീമും കോണ്‍/പി.എസ്./പി.ജി.ടി. രാമകൃഷ്ണന്‍, കോണ്‍/പി.എസ്./പി.ജി.ടി. ടി. പ്രദീപ് കുമാര്‍ എന്നിവരുമാണ് അന്വേഷണം നടത്തിയത്.

Tags