കാർയാത്രികരെ തട്ടികൊണ്ട് പോയ സംഭവം : രണ്ടു പേർ അറസ്റ്റിൽ
arrested

പയ്യോളി: ദേശീയപാതയിൽ പയ്യോളി ക്രിസ്ത്യൻ പള്ളിക്കു സമീപം കാർ തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച് പുറത്തിട്ടശേഷം കാർയാത്രികരെ റാഞ്ചിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വയനാട് പുൽപള്ളി പെരിക്കല്ലൂർ ചക്കാലക്കൽ ഷിബിൻ (26), പുൽപള്ളി സ്വദേശി ശ്യാം നിർമൽ സി. ജോയ് (20) എന്നിവരെയാണ് പയ്യോളി പൊലീസ് അറസ്റ്റു ചെയ്തത്.

പ്രതികൾ സഞ്ചരിച്ച ഇയോൺ കാർ ഷിബിന്റെ ബന്ധുവീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഇതിൽ ശ്യാം നിർമൽ സി. ജോയ് കാർ ആക്രമിച്ച സംഘത്തിലില്ലെങ്കിലും സഹായിയായി പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇനി അഞ്ചുപേരെ പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, സ്വർണക്കടത്തുമായി കേസിന് ബന്ധമില്ലെന്നും മറ്റു സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നുമാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

കഴിഞ്ഞ ശനിയാഴ്ച പുലർച്ച മൂന്നോടെയാണ് അഞ്ചംഗ സംഘം കാറും മറ്റു യാത്രക്കാരുമായി കടന്നുകളയുന്നത്. 10 കിലോമീറ്ററകലെ മുചുകുന്നിലാണ് യാത്രാ സംഘത്തെ ഉപേക്ഷിച്ച് ആക്രമികൾ മടങ്ങിയത്. പ്രതികളെ പയ്യോളി കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡിലയച്ചു.

Share this story