പത്തനംതിട്ടയിൽ കടകളിൽ മോഷണം ; പണവും സാധനങ്ങളും നഷ്ടമായി
Wed, 3 Aug 2022

പത്തനംതിട്ട : ഓമല്ലൂർ -കുരിശ് ജങ്ഷനിലെ കടകൾ കുത്തിത്തുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു.കഴിഞ്ഞ രാത്രിയാണ് മോഷണം നടന്നത്. പച്ചക്കറി മൊത്തവ്യാപാരക്കടയായ എ.എ.കെ ബേസ്മാൾ, തണുപ്പുകട, ശ്രീസ്റ്റോഴ്സ്, തൂശനില തുടങ്ങിയ കടകളാണ് കുത്തിത്തുറന്നത്.
എ.എ.കെയിൽനിന്ന് പണവും കമ്പ്യൂട്ടർ ഹാർഡ്ഡിസ്കും മോഷണം പോയി. ശ്രീ സ്റ്റോഴ്സിൽനിന്ന് പണവും സാധനങ്ങളുമാണ് മോഷ്ടിച്ചത്.തൂശനിലയിൽനിന്നും തണുപ്പുകടയിൽനിന്നും സാധനങ്ങളും പണവും പാത്രങ്ങളും മോഷ്ടിച്ചു. ഓമല്ലൂരിൽ മോഷണം പതിവാകുന്നതായി നാട്ടുകാർ പറഞ്ഞു.
രണ്ട് മാസം മുമ്പ് ജങ്ഷനിലെ ഷാജിയുടെ മീൻകട കുത്തിത്തുറന്ന് മത്സ്യം മോഷ്ടിച്ചിരുന്നു. തൈക്കുറ്റിമുക്ക് ഭാഗത്ത് ചില വീടുകളിലും നേരത്തേ മോഷണവും മോഷണശ്രമവും നടന്നിരുന്നു. മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.