പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു : ഭർത്താവുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
crime

പാലക്കാട്: മുതലമടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ആയുർവേദ നിർമാണ കമ്പനി ഉടമയും പരിസ്ഥിതി പ്രവർത്തകനുമായ ആറുമുഖൻ പത്തിച്ചിറ ,കമ്പനിയിലെ ജീവനക്കാരി സുധ, സുധയുടെ ഭർത്താവ് രാമനാഥൻ എന്നിവർക്കാണ് വെട്ടേറ്റത്. സുധ ജോലി ചെയ്യുന്ന കമ്പനിയിലെത്തിയാണ് രാമനാഥൻ ഇവരെ വെട്ടിയത്.

സുധയുടെ നിലവിളി കേട്ട് ഓടിയെത്തിയ ആറുമുഖൻ തടയാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ രാമനും ആറുമുഖനും പരസ്പരം വെട്ടേറ്റു. രാമനാഥന് മുഖത്തുൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആറുമുഖനേയും സുധയേയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും രാമനാഥനെ തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

രാമനാഥനുമായി അകന്ന് കഴിയുകയാണ് ഭാര്യ സുധ.ഇതിനിടെ സുധയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആറുമുഖൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതാണ് രാമനാഥനെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ച് കൊല്ലംങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Share this story