പാലക്കാട് അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു

police8

പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉടമകളുടെ സ്റ്റോക്ക് വിവരം പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. 

145 കിലോ കരിമരുന്ന്, 71 വെടിമരുന്ന് നിറച്ച ഗുണ്ടുകള്‍, 116 കിലോ ഓലപ്പടക്കം, 900 ഗ്രാം ഗന്ധകം, 119 ചെറിയ ഗുണ്ടുകള്‍ എന്നിവയാണ് പിടികൂടിയത്. ചിറ്റൂര്‍ ഇരട്ടക്കുളം നവക്കോണം സ്വദേശി ജി. സതീഷ് കുമാറിന്റെ ഉടമസ്ഥതയില്‍ തത്തമംഗലം കുറുക്കന്‍കാടുള്ള ഓട് മേഞ്ഞതും ഷീറ്റ് ഇട്ടതുമായ ഷെഡുകളില്‍നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അപകടം ഉണ്ടാക്കുന്ന രീതിയില്‍ ഉദാസീനമായും അമിതമായി സ്‌ഫോടകവസ്തുക്കള്‍ കൈവശം വെച്ചും പടക്കനിര്‍മാണം നടത്തുന്നതിനായാണ് അനധികൃതമായി സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചത്. വെടിമരുന്നുകള്‍ കസ്റ്റഡിയിലെടുത്തു.

സതീഷ് കുമാറിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ചിറ്റൂര്‍ ഡിവൈ.എസ്.പി. ടി.കെ. ഷൈജുവിന്റെ മേല്‍നോട്ടത്തില്‍ ചിറ്റൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.സി. രതീഷ്, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീഹരി, ലൈസിമോള്‍, ജി.എ.എസ്.ഐ. സത്യനാരായണന്‍, ജി.എസ്.സി.പി.ഒ. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Tags