ഓപ്പറേഷന്‍ ആഗ്, ഡി-ഹണ്ട്;പാലക്കാട് ജില്ലയില്‍ 2415 പേര്‍ അറസ്റ്റില്‍

arrest


പാലക്കാട്: ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാനത്തൊട്ടാകെ നടത്തിയ ഓപ്പറേഷന്‍ ആഗ്, മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നടത്തിയ ഓപ്പറേഷന്‍ ഡി-ഹണ്ട് എന്നീ സ്‌പെഷല്‍ ഡ്രൈവുകളുടെ ഭാഗമായി ജില്ലയില്‍ 2415 പേര്‍ അറസ്റ്റില്‍. ആറുപേര്‍ക്കെതിരെ കാപ്പ നിയമ പ്രകാരം നടപടികള്‍ സ്വീകരിച്ചു. ഇതില്‍ മൂന്നു പേരെ കരുതല്‍ തടങ്കലിലാക്കി. കാപ്പ നിയമം ലംഘിച്ച ഒരാളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

1371 പേര്‍ക്കെതിരെ സെക്ഷന്‍ 151 സി.ആര്‍.പി.സി. പ്രകാരം നടപടികള്‍ സ്വീകരിച്ചു. വിവിധ ക്രൈം കേസുകളില്‍ ഉള്‍പ്പെട്ട 544 പ്രതികളെ അറസ്റ്റ് ചെയ്തു. 204 വാറണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗവും വില്‍പനയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ റെയ്ഡുകള്‍ നടത്തിയത്. പരിശോധനയില്‍ ജില്ലയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്‍പന നടത്തിയതുമായ 290 പ്രതികളെ അറസ്റ്റു ചെയ്തു. ഇവരില്‍നിന്നും 74.062 കിലോഗ്രാം കഞ്ചാവ്, മാരക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 12.388 ഗ്രാം എം.ഡി.എം.എ., 14.56 ഗ്രാം മെത്താഫിറ്റാമിന്‍ എന്നിവ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ്. നിയമപ്രകാരം 294 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നേതൃത്വത്തില്‍ ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡ്, എസ്.ഒ.ജി. ടീം, കാപ്പ സെല്‍ എന്നിവരെ ഉള്‍പ്പെടുത്തി ഈ മാസം 15 മുതല്‍ 25 വരെയാണ് സ്‌പെഷല്‍ ഡ്രൈവ് നടത്തിയത്. ജില്ലയില്‍ പൊതു സമാധാനം നിലനിര്‍ത്തുന്നതിന് ഗുണ്ടകള്‍ക്കെതിരെയും ലഹരി മാഫിയകള്‍ക്കെതിരയും വരും ദിവസങ്ങളില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
 

Tags