പാലക്കാട് കാറും 1.78 കോടി രൂപയും കവർന്ന കേസ് : ഒരാൾ കൂടി പിടിയിൽ
pala

മുണ്ടൂർ : കാറും 1.78 കോടി രൂപയും കവർന്ന കേസിലെ പ്രതിയായ ഒരാൾ കൂടി പൊലീസ് പിടിയിലായി. വടക്കഞ്ചേരി പ്രധാനി ചീനിക്കോട് വീട്ടിൽ ഹുസൈൻ ബാബു എന്ന ബാബു (38) ആണ് പിടിയിലായത്. കവർച്ച സംഘത്തിൽ നേരിട്ട് പങ്കെടുത്തുവെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. പ്രതിയിൽ നിന്നും അര ലക്ഷം രൂപയും കവർന്ന പണം ഉപയോഗിച്ച് വാങ്ങിയ ഒരു പവൻ സ്വർണമാലയും പൊലീസ് പിടിച്ചെടുത്തു.

മുണ്ടൂർ എഴക്കാട് താടിക്കാരൻമാരിൽ വീട്ടിൽ സുരേഷ് എന്ന കുന്നപ്പുള്ളി സുര (32), പുതുപ്പരിയാരം നൊട്ടൻപാറ വീട്ടിൽ മനോജ് (34), പുതുപ്പരിയാരം തെക്കേ പറമ്പ് വീട്ടിൽ ഷിബുമോൻ (30), ചിറ്റൂർ നല്ലേപ്പുള്ളി ഒലുവപ്പാറ വിനീത് എന്ന ചുടു (29), ചിറ്റൂർ കൊശത്തറ ശിവദാസ് (27), പൊൽപ്പുള്ളി പള്ളിപ്പുറം അജയൻ (39), മുണ്ടൂർ കയറം കോട് സുജിത്ത് (23), മുണ്ടൂർ പൂതനൂർ കോലോത്തൊടി പ്രശാന്ത് (27) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ജൂൺ 17ന് ഉച്ചക്ക് 11.50ന് തമിഴ്നാട് സ്വദേശികളായ ബഷീർ (46), ധമീൻ (44) അമീൻ (52) എന്നിവർ സഞ്ചരിച്ച കാർ വേലിക്കാട് പാലത്തിൽ പിക്കപ്പ് വാൻ ഉപയോഗിച്ച് തടഞ്ഞിട്ട് യാത്രക്കാരെ ബലമായി പിടിച്ചിറക്കിയ ശേഷം കാറും പണവും തട്ടിയെടുക്കുകയായിരുന്നു. സംഘത്തിലെ ഒരാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

കോങ്ങാട് എസ്.എച്ച്.ഒ കെ.ആർ. രഞ്ജിത്ത് കുമാർ, എസ്.ഐ കെ. മണികണ്ഠൻ, എ.എസ്.ഐ എസ്. രമേശ്, എസ്.സി.പി.ഒ സാജിദ്, സി.പി.ഒ.മാരായ ദാമോദരൻ, ഉല്ലാസ് കുമാർ, കൃഷ്ണകുമാർ, ഷഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Share this story