നഴ്സിനു നേരെ ലൈംഗികാതിക്രമം നടത്തിയ രോഗി അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ ഉടമസ്ഥതയിലുള്ള ആരോഗ്യ കേന്ദ്രത്തിൽ നഴ്സിനു നേരെ ലൈംഗികാതിക്രമം നടത്തിയ രോഗി അറസ്റ്റിൽ. ബിർഭൂം ജില്ലയിലെ ഇളംബസാറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ആഗസ്റ്റ് ഒമ്പതിന് ആർ.ജി. കർ മെഡിക്കൽ കോളജിലെ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് പുതിയ സംഭവം. ചികിത്സക്കിടെ നഴ്സിനോട് രോഗി മോശമായി പെരുമാറുകയായിരുന്നു. കടുത്ത പനി ബാധിച്ച് ചികിത്സ തേടിയെത്തിയ രോഗിയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് മോശമായി പെരുമാറിയത്. അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നും നഴ്സിന്റെ പരാതിയിലുണ്ട്.
''കഴിഞ്ഞ ദിവസം രാത്രിയാണ് പനി ബാധിച്ച് രോഗി ചികിത്സ തേടിയത്. ഡോക്ടറുടെ നിർദേശമനുസരിച്ച് സലൈൻ നൽകാൻ എത്തിയപ്പോൾ രോഗി മോശമായി ശരീരത്തിൽ സ്പർശിച്ചു. സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുകയും ചെയ്തു. മതിയായ സുരക്ഷിതത്വമില്ലാതെ ആശുപത്രികളിൽ ജോലി ചെയ്യാൻ ഞങ്ങൾ ഭയപ്പെടുകയാണ്. രോഗികൾ പോലും ഇത്തരത്തിലാണ് പെരുമാറുന്നത്.''-എന്നാണ് പരാതിയിലുള്ളത്.
സംഭവത്തിൽ രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ കൊലപാതകം സി.ബി.ഐ ആണ് അന്വേഷിക്കുന്നത്.