അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷൂറന്‍സില്ല ; വാഹനം മാറ്റി കാണിച്ച് പോലീസ് അന്വേഷണത്തെ വഴിതെറ്റിച്ച സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍
പാലക്കാട്: അപകടത്തില്‍പ്പെട്ട വാഹനത്തിന് ഇന്‍ഷൂറന്‍സില്ലാത്തതിനാല്‍ വാഹനം മാറ്റി കാണിച്ച് പോലീസ് അന്വേഷണത്തെ വഴിതെറ്റിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കടുക്കാംകുന്നം മംഗലശേരി വീട്ടില്‍ പ്രണബ് (28), കാളിപ്പാറ കുണ്ടുകാട് വീട്ടില്‍ ഷിനു (39), വള്ളിക്കോട് മൂച്ചിക്കല്‍ വീട്ടില്‍ പ്രകാശ് (41) എന്നിവരെയാണ് മലമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഒക്‌ടോബര്‍ 27ന് രാത്രി 9മണിക്ക് മുക്കൈ പാലത്തിന് സമീപം വച്ച് മലമ്പുഴ കളപ്പരത്തി അബുദീന്‍ (32) ഭാര്യയും കുട്ടിയുമായി വന്ന മോട്ടോര്‍ സൈക്കിളില്‍ എതിര്‍ദിശയില്‍ അശ്രദ്ധമായി വന്ന ബൈക്കിടിച്ചിരുന്നു. അപകടത്തില്‍ അബുദീനും ഭാര്യയ്ക്കും കുട്ടിക്കും ഗുരുതരമായി പരുക്കേറ്റു. പ്രണബ് ഓടിച്ചുവന്ന കെ.എല്‍.09 എ.പി 4207 നമ്പര്‍ ഹോണ്ട ഷൈന്‍ ബൈക്കാണ് അപകടമുണ്ടാക്കിയത്.
ഈ വാഹനത്തിന് ഇന്‍ഷൂറന്‍സ് ഇല്ലാത്തതിനാല്‍ പ്രണബ് തന്റെ സുഹൃത്തായ ഷിനുവിന്റെ സഹായത്തോടെ അതേവാഹനത്തിന്റെ നിറമുള്ള പ്രകാശിന്റെ കെ.എല്‍.09 എ.സി. 9545 ഹോണ്ടാ ഷൈന്‍ ബൈക്ക് പോലീസില്‍ ഹാജരാക്കുകയായിരുന്നു. വാഹനം മാറ്റിയത് സംബന്ധിച്ച് മനസിലാക്കിയ പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയ യഥാര്‍ത്ഥ വാഹനം കണ്ടെത്തിയത്.
പോലീസ് അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് മലമ്പുഴ ഇന്‍സ്‌പെക്ടര്‍ എം. സുജിത്ത് പറഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം തെറ്റിദ്ധരിപ്പിച്ച കുറ്റത്തിന് മൂന്നുവര്‍ഷം വരെ തടവോ പതിനായിരം രൂപയില്‍ കുറയാത്ത പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുംകൂടിയോ ആണ് ലഭിക്കാവുന്ന ശിക്ഷ. മലമ്പുഴ എസ്.ഐ ഷണ്‍മുഖന്‍, സി.പി.ഒ സുനില്‍ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്.