അബൂദബിയിലെ ഇരട്ടക്കൊലപാതകം : സി.ബി.ഐ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ പൊലീസ്
 CBI officials

നിലമ്പൂർ: പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മയിലെ തത്തമ്മപറമ്പിൽ ഹാരിസ്, ഓഫിസ് ജീവനക്കാരി ചാലക്കുടി സ്വദേശി ഡെൻസി ആന്‍റണി എന്നിവരെ അബൂദബിയിൽ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ പൊലീസ്. ഇരുരാജ‍്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന കുറ്റകൃത‍്യത്തിന്‍റെ അന്വേഷണത്തിന് ലോക്കൽ പൊലീസിന് പരിമിതികളേറെയാണ്.

സി.ബി.ഐ അന്വേഷണമാവശ‍്യപ്പെട്ട് ഹാരിസിന്‍റെ മാതാവും സഹോദരിയും ഹൈകോടതിയിൽ അപേക്ഷ നൽകിയിരുന്നു. നിലവിൽ നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. എബ്രഹാമാണ് കേസ് അന്വേഷിക്കുന്നത്. മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതി ബത്തേരി സ്വദേശി തങ്ങളകത്ത് നൗഷാദിനെ അബൂദബിയിലെ ഇരട്ടക്കൊലപാതക കേസന്വേഷണത്തിന്‍റെ ഭാഗമായി നിലമ്പൂർ ഡിവൈ.എസ്.പി ചൊവാഴ്ച കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളെ പത്ത് മണിക്കൂറോളം ചോദ‍്യം ചെയ്തു.

നിർണായക വിവരങ്ങൾ ലഭിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു. മൂന്നുദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് വ‍്യാഴാഴ്ച വൈകീട്ട് ഇയാളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.

ഷാബാ ശരീഫ് കൊല്ലപ്പെട്ട കേസിൽ നിലമ്പൂർ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ഹാരിസിന്‍റേതും ഡെൻസിയുടേതും കൊലപാതകമാണെന്ന് തെളിഞ്ഞത്. ഷാബാ ശരീഫ് വധക്കേസിലെ മുഖ്യപ്രതി നിലമ്പൂർ മുക്കട്ടയിലെ കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന്‍റെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. ഷൈബിന്‍റെ നിർദേശപ്രകാരം കൂട്ടാളികൾ അബൂദബിയിലെത്തി ഹാരിസ്, ഡെൻസി എന്നിവരെ കൊലപ്പെടുത്തിയതായി കൂട്ടുപ്രതി നൗഷാദ് ഉൾപ്പെടെയുള്ളവർ മൊഴി നൽകിയതോടെയാണ് ഇരട്ടക്കൊലപാതകം പുറത്തായത്. മരിച്ച ഹാരിസിന്‍റെ ഭാര‍്യ ഉൾപ്പെടെ ഒമ്പതുപേരാണ് ഈ കേസിലെ പ്രതികൾ. കേസിൽ സംശയിക്കപ്പെടുന്ന രണ്ടുപേർ ഒളിവിലാണ്. ഇവർ ഷാബാ ശരീഫ് കൊലപാതക കേസിലും പ്രതിയാണ്. ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
 

Share this story