തമിഴ്‌നാട് കുംഭകോണത്ത് ദുരഭിമാനക്കൊല
crime
വിരുന്നിനൊപ്പം വിവാഹത്തിനായി നേരത്തെ തയ്യാറാക്കിവെച്ച ആഭരണവും നല്‍കാമെന്ന് പറഞ്ഞ് ശരണ്യയേയും ഭര്‍ത്താവിനേയും ശക്തിവേല്‍ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തമിഴ്‌നാട് കുംഭകോണത്ത് നവവധുവരന്‍മാരെ വിരുന്നിന് വിളിച്ചുവരുത്തി വെട്ടിക്കൊന്നു. മിശ്രവിവാഹിതരായ ശരണ്യ – മോഹന്‍ എന്നീ ദമ്പതികളെയാണ് വധുവിന്റെ സഹോദരന്‍ ശക്തിവേലിന്റെ നേതൃത്വത്തില്‍ വെട്ടിക്കൊന്നത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വിരുന്നിനൊപ്പം വിവാഹത്തിനായി നേരത്തെ തയ്യാറാക്കിവെച്ച ആഭരണവും നല്‍കാമെന്ന് പറഞ്ഞ് ശരണ്യയേയും ഭര്‍ത്താവിനേയും ശക്തിവേല്‍ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. രണ്ട് ജാതിവിഭാഗങ്ങളില്‍പ്പെട്ടവരാണ് ശരണ്യയും മോഹനും. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ ഇന്നാണ് പിടിയിലായത്.
അഞ്ച് ദിവസം മുമ്പ് മാത്രമാണ് ശരണ്യയും മോഹനും വിവാഹിതരായത്. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്. നഴ്‌സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയില്‍ ജോലിക്കെത്തിയത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ് ശരണ്യയും മോഹനും.
തങ്ങളുടെ പ്രണയം സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ ശരണ്യയുടെ വീട്ടുകാര്‍ കടുത്ത രീതിയില്‍ത്തന്നെ ഇവരുടെ വിവാഹത്തെ എതിര്‍ത്തു. സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്‌തേ തീരൂ എന്ന് വാശി പിടിച്ച കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 9-നായിരുന്നു ചെന്നൈയില്‍ വെച്ച് ഇരുവരും വിവാഹിതരായത്.

Share this story