വടകരയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
വടകര: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. നടക്കുതാഴ കുട്ടിയമ്മൽ കരകെട്ടിടയവന്റെ ജിതിനാണ് (25) അറസ്റ്റിലായത്. ഇയാളിൽനിന്ന് 1.526 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
ബുധനാഴ്ച രാവിലെ 9.45ഓടെ കുട്ടിയമ്മലിലെ കയർ സഹകരണ സംഘത്തിനു സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. വടകര, നടക്കുതാഴ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് എം.ഡി.എം.എ കൊണ്ടുപോകുന്നതെന്ന് പ്രതി മൊഴി നൽകി.
പരിശോധയിൽ വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം. ശ്രീനിവാസൻ, പ്രിവന്റിവ് ഓഫിസർ ജയപ്രസാദ്, സി.ഇ.ഒമാരായ സുനീഷ്, ഷംസുദ്ദീൻ, സനു, ഷിജിൻ, അനൂപ്, ലിനീഷ് എന്നിവർ പങ്കെടുത്തു.