കോഴിക്കോട് എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
തിരുവമ്പാടി: എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ രണ്ടുപേർ തിരുവമ്പാടി പൊലീസിന്റെ പിടിയിലായി. 6.32 ഗ്രാം എം.ഡി.എം.എയുമായി കൊടുവള്ളി വാവാട് സെന്റർ ബസാർ വരലാട്ട് മുഹമ്മദ് ഡാനിഷ് (29), കൈത പൊയിൽ ആനോറമ്മൽ ജിൻഷ (25) എന്നിവരാണ് അറസ്റ്റിലായത്. ആനക്കാംപൊയിലിലെ റിസോർട്ടിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരുടെ കാറിന്റെ റൂഫ് ലൈറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ലഹരി മരുന്ന് പാക്ക് ചെയ്യുന്നതിനുള്ള കവറുകളും കണ്ടെടുത്തു.
റിസോർട്ടിൽ മുറിയെടുക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദ് ഡാനിഷ് നേരത്തെ ലഹരി മരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൊടുവള്ളി പൊലീസിന്റെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെടുന്ന പ്രതിയാണ് ഡാനിഷ്. ജിൻഷ ഡാനിഷിന്റെ കൂട്ടാളിയാണ് . മലയോര മേഖലയിൽ രാസരഹരി വിൽപന നടത്തുന്ന പ്രധാന കണ്ണികളാണ് ഇരുവരും.
തിരുവമ്പാടി എസ്.ഐ പി.കെ. അബ്ദുറസാഖ്, എ.എസ്.ഐമാരായ കെ.ഐ. രജനി, വി. ഷീന, സീനിയർ സി.പി. ഒമാരായ ഒ. അനൂപ്, സി. ഉജേഷ്, എം. സുഭാഷ്, കെ.കെ. രജീഷ്, കെ. സുബീഷ്, സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, പി. ബിജു, സീനിയർ സി.പി.ഒമാരായ എൻ.എം. ജയരാജൻ, പി.പി. ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്. പ്രതികളെ താമരശ്ശേരി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.