അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ച കേസ് ; പ്രതിക്ക് ആറു വര്‍ഷവും മൂന്നുമാസവും തടവ്
മണ്ണാര്‍ക്കാട്: അയല്‍വാസിയായ യുവാവിനെ കല്ലുകൊണ്ടിടിച്ച് ഗുരുതര പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ ആറു വര്‍ഷവും മൂന്നുമാസവും തടവിന് വിധിച്ചു. 40,500 രൂപ പിഴയും അടക്കണം. അഗളി പാക്കുളം സ്വദേശി ബിനു(34)വിനെ ആക്രമിച്ച കേസിലാണ് പാക്കുളം രാമവിലാസം വീട്ടില്‍ സുരേഷിനെ (34) മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായാണ് ശിക്ഷാവിധി. പിഴത്തുകയില്‍നിന്ന് പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരമായി നല്‍കാനും വിധിച്ചു. 2022ലാണ് കേസിനാസ്പദമായ സംഭവം. ബിനുവിനോടുള്ള മുന്വൈരാഗ്യത്താലായിരുന്നു ആക്രമണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പാക്കുളത്തുണ്ടായ വാക് തര്‍ക്കത്തിനിടെ ബിനുവിനെ പ്രതി തലയില്‍ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ അഗളി ഡിവൈ.എസ്.പി.യായിരുന്ന എന്‍. മുരളീധരന്, സി.ഐ. സലീം, എസ്.ഐ ജയപ്രസാദ് എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.