കോഴിക്കോട് വിൽപനക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊടുവള്ളി: വിൽപനക്കായി കൊണ്ടുവന്ന 1.150 കിലോഗ്രാം കഞ്ചാവുമായി മാനിപുരം സ്വദേശിയായ ഗുലാബി എന്നറിയപ്പെടുന്ന പുറായിൽ നൗഷാദ് ഗുലാമിനെ (48) കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി എസ്.എച്ച്.ഒ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിൽ കൊടുവള്ളി എസ്.ഐ ജിയോ സദാനന്ദനും സംഘവുമാണ് ഞായറാഴ്ച വൈകീട്ട് ഏഴോടെ പ്രതിയെ പിടികൂടിയത്.
മാനിപുരം-ഓമശ്ശേരി റോഡിൽ കൊളത്തക്കര അങ്ങാടിയിൽ തട്ടുകട നടത്തിവരുകയായിരുന്ന പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയിൽനിന്നും വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവാണിതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നു കൊടുവള്ളി പൊലീസ് അറിയിച്ചു.
കൊടുവള്ളി എസ്.ഐ ജിയോ സദാനന്ദൻ, അഡീഷനൽ എസ്.ഐ ശ്രീനിവാസൻ, എ.എസ്.ഐ ഹരിദാസൻ നന്മണ്ട, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പി. പ്രസൂൺ, എ.കെ. രതീഷ്, കെ. സിൻജിത്ത്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, റിജോ മാത്യു, വി.കെ. വബിത്ത്, എം. ശ്രീനിഷ്, എം.കെ. ഷിജു, ജയന്തി റീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.