കോഴിക്കോട് തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് പിടിയിൽ.കൊടുവള്ളി മാനിപുരം സ്വദേശിയായ ഗുലാബി എന്നറിയപ്പെടുന്ന പുറായില്‍ നൗഷാദ് ഗുലാമി (48)നെയാണ് 1.15 കിലോഗ്രാം കഞ്ചാവുമായി കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
താമരശ്ശേരി ഡിവൈ.എസ്.പി പ്രമോദിന്റെ മേല്‍നോട്ടത്തില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെപിയുടെ നേതൃത്വത്തില്‍ എസ്ഐ ജിയോ സദാനന്ദനും സംഘവുമാണ് വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പ്രതിയെ പിടികൂടിയത്.
മാനിപുരം-ഓമശ്ശേരി റോഡില്‍ കൊളത്തക്കര അങ്ങാടിയില്‍ തട്ടുകട നടത്തി വരികയായിരുന്ന നൗഷാദ് കുറച്ചു ദിവസങ്ങളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ റിമാന്റ് ചെയ്തു.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു. അഡീഷണല്‍ എസ്ഐ ശ്രീനിവാസന്‍, എഎസ്ഐ ഹരിദാസന്‍ നന്മണ്ട, സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ പ്രസൂണ്‍ പി, രതീഷ് എകെ, സിന്‍ജിത്ത് കെ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കല്‍, റിജോ മാത്യു, വബിത്ത് വികെ, ശ്രീനിഷ് എം, ഷിജു എംകെ, ജയന്തി റീജ എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.