കൊട്ടാരക്കരയിൽ പൊലീസിനും ജീപ്പിനും നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റിൽ


കൊട്ടാരക്കര: പൊലീസിനും പൊലീസ് ജീപ്പിനും നേരെ ആക്രമണം നടത്തിയെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടാത്തല പണയിൽ തടത്തിൽഭാഗം അനുഭവനത്തിൽ അജിത്തിനെയാണ് (26) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പത്തോടെ കോട്ടാത്തല ക്ഷേത്രത്തിന് സമീപം പ്രതി അടിപിടി ഉണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചാണ് പൊലീസ്സംഘമെത്തിയത്.
പരിക്കുപറ്റിയനിലയിലായിരുന്നു പ്രതി. ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഇയാൾ പൊലീസ് ജീപ്പിന്റെ ൈഡ്രവിങ് സീറ്റിൽ കയറിയിരുന്നു. പ്രതിതന്നെ വണ്ടിയോടിച്ചു പോകാം എന്ന് പറഞ്ഞ് പൊലീസ് വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രതി ജീപ്പിന്റെ വയർലെസ് സെറ്റിന്റെ മൗത്ത് പീസ് വലിച്ചുപൊട്ടിച്ചതായി പൊലീസ് പറയുന്നു.
വയർലെസ് സെറ്റിന്റെ ആന്റിന കണക്ഷൻ വയർ പൊട്ടിക്കുകയും സ്പീഡോമീറ്റർ കൺസോൾ സെറ്റോടെ വലിച്ചെടുക്കുകയും ഒരു ഫാൻ നശിപ്പിക്കുകയും ചെയ്തു.തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ യൂനിഫോമിൽ പിടിച്ചുവലിച്ചതായും മൊത്തം 55,000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസ്. എസ്.ഐമാരായ കെ.വൈ. ജോൺ, പൊന്നച്ചൻ, എ.എസ്.ഐ ഉമൈലാബീവി, സി.പി.ഒ ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
