കൊല്ലത്ത് സ്കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ചവർ പിടിയിൽ
arrested

ഇരവിപുരം: സ്കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ചവരെ ഇരവിപുരം പൊലീസ് പിടികൂടി. തെക്കേവിള കട്ടിയിൽ കിഴക്കതിൽ യു. വിശാഖ് (18), തെക്കേവിള കുറ്റിയിൽ തൊടിയിൽ ചിന്നു ഭവനിൽ എസ്. അജിത്ത് (19), ഇരവിപുരം വാളത്തുങ്കൽ കട്ടിയിൽ പുത്തൻ വീട്ടിൽ കെ. നീലകണ്ഠൻ (18) എന്നിവരാണ് പിടിയിലായത്.

തെക്കേവിള സാഗരികത്തിൽ ധന്യയുടെ ഉടമസ്ഥതയിലുള്ള സ്കൂട്ടറിന്‍റെ സീറ്റ് കുത്തിത്തുറന്ന് ഉള്ളിലുണ്ടായിരുന്ന 3000 രൂപയും രണ്ട് കുപ്പി വിദേശമദ്യവുമാണ് മോഷ്ടിച്ചത്. സംഘത്തിലെ നീലകണ്ഠൻ നേരത്തേ സ്നാക്സ് കൊടുക്കാത്തതിന്‍റെ പേരിൽ മർദനമേറ്റയാളാണ്.

ഇയാളെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതുടർന്ന് പോസ്റ്റുകൾ ഇറങ്ങിയിരുന്നു. സംഘം വീടിന്‍റെ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ച് കയറിയാണ് മോഷണം നടത്തിയത്. ധന്യയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

ഇരവിപുരം ഇൻസ്പെക്ടർ അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, സി.പി.ഒ സതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
 

Share this story