കൊല്ലത്ത് അയൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ
crime

കുന്നിക്കോട്: അതിര്‍ത്തിയില്‍ നിന്ന മരത്തിന്‍റെ ശിഖരം വെട്ടിയതിനെചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി അറസ്റ്റിൽ. കുന്നിക്കോട് പച്ചില അല്‍ഫി ഭവനില്‍ ദമീജ് അഹമ്മദ് ആണ് അറസ്റ്റിലായത്. രണ്ടാം പ്രതിയായ സലാഹുദ്ദീന്‍ നേരേത്ത പിടിയിലായിരുന്നു.

കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം. സലാഹുദ്ദീനും മകനായ ദമീജ് അഹമ്മദും ചേര്‍ന്ന് അയല്‍വാസിയായ കുന്നിക്കോട് പച്ചില കടുവാംകോട് വീട്ടിൽ അനിൽകുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. അനില്‍കുമാറിന്‍റെ പുരയിടത്തിന്‍റെ അതിര്‍ത്തിയില്‍ നിന്ന തേക്ക് മരത്തിന്‍റെ ശിഖരം വെട്ടിയത് അയല്‍വാസിയായ സലാഹുദ്ദീന്‍റെ പുരയിടത്തില്‍ വീണതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് എത്തിച്ചത്.

സലാഹുദ്ദീനും മകന്‍ ദമീജും ചേര്‍ന്ന് ഇരുമ്പ് വടി ഉപയോഗിച്ച് അനില്‍ കുമാറിനെ മര്‍ദിച്ച് അവശനാക്കി. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ അനിലിനെ കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കൊട്ടാരക്കര ഡിവൈ.എസ്.പി ഡി. വിജയകുമാറിന്‍റെ നേതൃത്വത്തില്‍ കുന്നിക്കോട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം. അന്‍വര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ വൈശാഖ് കൃഷ്ണന്‍, ഫൈസല്‍, െപാലീസ് ഉദ്യോഗസ്ഥരായ ബിജു, അനീഷ് എം. കുറുപ്പ്, അരുണ്‍ഷാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
 

Share this story