കൊല്ലത്ത് മാലിന്യം നിക്ഷേപിച്ചത് ചോദ്യംചെയ്തതിന് വയോധികക്ക് മർദനം

crime

അഞ്ചാലുംമൂട്: കുരീപ്പുഴയില്‍ മാലിന്യം നിക്ഷേപിച്ചത് ചോദ്യംചെയ്ത വയോധികയെ യുവാവ് ആക്രമിച്ചു. തടിക്കഷണം കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ മതിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുരീപ്പുഴ സെന്റ് ജോസഫ് ദേവാലയത്തിന് സമീപത്തെ ആണുലില്‍ വീട്ടില്‍ സൂസമ്മ ജോര്‍ജിനാണ് കഴിഞ്ഞ ദിവസം വൈകീട്ട് 3.30ന് അയല്‍വാസിയായ ആണുലില്‍ കിഴക്കതില്‍ സുഭാഷിന്‍റെ (40) മർദനമേറ്റത്. സൂസണ്‍ ജോര്‍ജിന്റെ തലക്കും കൈക്കും പരിക്കേറ്റു.

മദ്യലഹരിയിലായിരുന്ന സുഭാഷ് സൂസണ്‍ ജോര്‍ജിന്റെ വീട്ടിലെത്തി വീടിന് മുന്നിലിരുന്ന സൂസനെ മരക്കഷണം ഉപയോഗിച്ച് അടിക്കുകയായിരുന്നെന്ന് മരുമകള്‍ സൂസി പറഞ്ഞു. ഇവർ മർദന ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞമാസം സൂസമ്മയുടെ വീടിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ചനിലയിൽ കണ്ടെത്തി. മാലിന്യം നിക്ഷേപിച്ചത് സുഭാഷാണെന്ന് കരുതി സൂസമ്മയുടെ മകന്‍ ജോബിയും ഭാര്യ സൂസിയും ചോദ്യംചെയ്തു.

ഇതിനെതിരെ സുഭാഷ് സൂസിക്കും സൂസമ്മക്കുമെതിരെ അഞ്ചാലുമൂട് പൊലീസില്‍ പരാതി നല്‍കി. ഇതുസംബന്ധിച്ച് ജോബിയും പരാതി നല്‍കി. പൊലീസ് ഇരുകൂട്ടരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി. മാലിന്യം നിക്ഷേപിക്കൽ പതിവായതോടെ ജോബി അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ വിരോധംമൂലമാണ് സുഭാഷ് ആക്രമണം നടത്തിയത്. സുഭാഷ് നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയാണെന്ന്‌ പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനായിട്ടില്ല.

Share this story