കൊല്ലത്ത് കഞ്ചാവ് കച്ചവടക്കാരനെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ നാല് പേർ അറസ്റ്റിൽ

attack88

അഞ്ചൽ: കഞ്ചാവ് കച്ചവടം നടത്തുന്ന ആളെന്ന്‌ ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച ആറംഗസംഘത്തിലെ നാല് പേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കരുകോൺ കുട്ടിനാട് പുളിച്ചി ചരുവിള വീട്ടിൽ മോഹനൻ (41), കരുകോൺ നിഷഭവനിൽ നിഷാന്ത് (31), കുട്ടിനാട് ദീപാഭവനിൽ ദിനേശ് (27), സി.പി.എം ബ്രാഞ്ച് സെക്രട്ടി പുളിഞ്ചിക്കോണം ചരുവിള വീട്ടിൽ ഗോപകുമാർ (32) എന്നിവരെയാണ് പിടികൂടിയത്. അഞ്ചൽ കരുകോൺ കുട്ടിനാട് പ്ലാവിള പുത്തൻവീട്ടിൽ ആഷിഷ് (37) നാണ് മർദ്ദനമേറ്റത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പന്ത്രണ്ട്മണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങിയ ആഷിഷിനെ ഇരുളിൽ നിന്ന ആറംഗ സംഘം പിടികൂടുകയും വായിൽ പൊത്തിപ്പിടിച്ച് ദൂരേക്ക് കൊണ്ട് പോയി പച്ചില പറിച്ചെടുത്തു വായിൽ തിരുകിക്കയറ്റിയ ശേഷം റബ്ബർ മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ചു. ആഷിഷിന്‍റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു.

തുടർന്ന് ആഷിഷിനെ നാട്ടുകാർ അഞ്ചലിലെ സർക്കാർ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആഷിഷിന്‍റെ മുതുകത്തും, കാലിലും കൈകളിലും അടികൊണ്ട് പൊട്ടിയ നിലയിലാണ്. അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ കെ.ജി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളിൽ നാലുപേരെ കുട്ടിനാട് നിന്നും പിടികൂടിയത്. പ്രതികളിൽ രണ്ടുപേർ ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share this story