കൊല്ലത്ത് പട്ടാപ്പകല്‍ കടയിൽ മോഷണം നടത്തിയ പ്രതി പിടിയില്‍
അഞ്ചാലുംമൂട്: വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി പട്ടാപ്പകല്‍ മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി. വെള്ളിമണ്‍ ഇടക്കര ജയന്തി കോളനിയില്‍ ഷാനവാസ് (57) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാവിലെ 9.30ഓടെ അഞ്ചാലുംമൂട്ടിലെ തൃക്കടവൂര്‍ ചന്തക്കടവ് സ്വദേശി രതീഷിന്റെ ഗുരുദേവ സ്റ്റോഴ്സില്‍ നിന്ന് 6500 രൂപയാണ് പ്രതി മോഷ്ടിച്ചത്. കട തുറന്ന ശേഷം രതീഷ് സമീപത്തുള്ള പൊതുടാപ്പില്‍ നിന്നും വെള്ളമെടുക്കാന്‍ പോയ തക്കത്തിനാണ് പ്രതി മോഷണം നടത്തിയത്. പണം കളവു പോയതായി മനസ്സിലാക്കിയ രതീഷ് വിവരം ഉടന്‍ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് സംഘം സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ തിരിച്ചറിഞ്ഞു.
ഷാനവാസ് നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, ഇരവിപുരം, കിളികൊല്ലൂര്‍, കുണ്ടറ എന്നീ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കുറ്റകൃത്യത്തിന് മുന്‍ കാലങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.