പട്ടികജാതി വകുപ്പ് മുൻ ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് രണ്ടുവർഷം തടവ്, 1,10,000 രൂപ വീതം പിഴ
court

കോഴിക്കോട്: പട്ടികജാതി വകുപ്പ് മുൻ ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിജിലൻസ് കോടതി ശിക്ഷിച്ചു. ഒന്നാം പ്രതിയായ പട്ടികജാതി വകുപ്പ് മുൻ ഡയറക്ടർ ഐ.എ.എസുകാരനായ രാജൻ, മുൻ ഫിനാൻസ് ഓഫിസർ ശ്രീകുമാർ, ജില്ല മുൻ ഓഫിസർ സത്യദേവൻ, മുൻ ഡെവലപ്മെൻറ് ഓഫിസർ സുരേന്ദ്രൻ, വർക്കല പൂർണ്ണ സ്കൂൾ ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഉടമ സുകുമാരൻ എന്നിവരെയാണ് ശിക്ഷിച്ചത്.

തിരുവനന്തപുരം വിജിലൻസ് കോടതി ഇവരെ രണ്ടുവർഷം വീതം തടവിന് ശിക്ഷിച്ചതിനോടൊപ്പം പിഴയും അടക്കണം. ഒന്നാംപ്രതി രാജൻ, രണ്ടാം പ്രതിയായ ശ്രീകുമാർ, മൂന്നാം പ്രതിയായ സത്യദേവൻ, നാലാം പ്രതി സുരേന്ദ്രൻ എന്നിവർ 1,10,000 രൂപ വീതവും അഞ്ചാം പ്രതിയായ സുകുമാരൻ 90,000 രൂപയും പിഴയായി കൊടുക്കണമെന്ന് വിജിലൻസ് കോടതി ഉത്തരവിട്ടു.

2002-03 കാലഘട്ടത്തിൽ അംഗീകാരമില്ലാത്ത ട്രെയിനിങ് സെന്ററിന് ട്രെയിനിങ് നടത്തുന്നതിലേക്ക് ഫണ്ട് മുൻകൂറായി അനുവദിച്ച കേസിലാണ് ശിക്ഷ ലഭിച്ചത്. എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ പട്ടികജാതി വിദ്യാർഥികൾക്ക് ഹാർഡ്വെയർ ട്രെയിനിങ്ങിനു വേണ്ടി ഒരാൾക്ക് 10,000 രൂപ നിരക്കിൽ ട്രെയിനിങ് നടത്തുന്നതിന് സ്പെഷ്യൽ സെൻട്രൽ അസിസ്റ്റൻസ് ടു ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാൻ (എസ്.സി.എ, എസ്.സി.പി) പ്രകാരം ഫണ്ട് അനുവദിച്ചു. തുക ലഭിക്കാൻ വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ സ്കൂൾ ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഉടമ ഹാർഡ്വെയർ ആൻഡ് നെറ്റ് വർക്കിംഗ് കോഴ്സിന് അംഗീകാരമുണ്ടെന്ന് കാണിച്ച് ട്രെയിനിങ്ങിന് വേണ്ടി ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

തുടർന്ന് സ്ഥാപന ഉടമയായ സുകുമാരൻ വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അവരുമായി ഗൂഢാലോചന നടത്തി വിദ്യാർഥികളുടെ ഫീസായ 3,10,000 രൂപയുടെ 75 ശതമാനം തുകയായ 2,32,500 രൂപ അഡ്വാൻസായി വാങ്ങി. ഇതെല്ലാം നടന്നത് ചട്ടവിരുദ്ധമായിട്ടാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്. പൂജപ്പുര വിജിലൻസ് സ്പെഷ്യൽ യൂനിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം വിജിലന്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രൊസിക്യൂട്ടർ ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ ഹാജരായി.

വിജിലൻസ് പൂജപ്പുര സ്പെഷ്യൽ യൂനിറ്റിലെ മുൻ എസ്.പി സുകേശനാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി. രവി അന്വേഷണം നടത്തിയ കേസിൽ നിലവിലെ വിജിലൻസ് ആസ്ഥാനത്തെ ഡിവൈ.എസ്.പി സി. വിനോദാണ് കുറ്റപത്രം സമർപ്പിച്ചത്. 

Share this story