കയ്പമംഗലത്തെ കൊലപാതകം: അഞ്ച് പേർ കസ്റ്റഡിയിൽ

arrest8
arrest8

തൃശ്ശൂർ:  കയ്പമംഗലത്ത്  ഇറിഡിയം-റൈസ് പുള്ളർ തട്ടിപ്പിന്റെ പേരിൽ തമിഴ്‌നാട് സ്വദേശിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേർ കസ്റ്റഡിയിൽ. കണ്ണൂർ, തൃശ്ശൂർ സ്വദേശികളാണിവർ. 12-ഓളം പേർ സംഭവത്തിൽ  ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കോയമ്പത്തൂർ സ്വദേശി സോമന്നൂർ ചർച്ച് റോഡിൽ കരുമത്താംപട്ടി ആന്റണി രാജുവിന്റെ മകൻ ചാൾസ് ബെഞ്ചമിൻ (അരുൺ-45) ആയിരുന്നു കൊല്ലപ്പെട്ടത്.

ലക്ഷങ്ങൾ വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും, അത്ഭുതശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ഇറിഡിയം-റൈസ് പുള്ളർ കോപ്പർ ലോഹം നൽകാത്തതിന്റെ പേരിലാണ് തൃശ്ശൂരിലെ വിവിധയിടങ്ങളിൽ എത്തിച്ച് സംഘം ചേർന്ന് ഇയാളെ മർദിച്ച് കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന ചെങ്ങന്നൂർ സ്വദേശി ശശാങ്കനെയും സംഘം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ടു.

മർദനത്തിൽ ചാൾസ് ബെഞ്ചമിൻ മരിച്ചെന്ന് മനസ്സിലാക്കിയതോടെ, അപകടത്തിൽ പരിക്കേറ്റയാളാണെന്ന വ്യാജേന ആംബുലൻസ് വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലേക്ക്‌ അയച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: ചാൾസ് ബെഞ്ചമിനും ശശാങ്കനും ചേർന്ന് കണ്ണൂരിലുള്ള ഒരാളിൽനിന്ന്‌ ഇറിഡിയം-റൈസ് പുള്ളർ നൽകാമെന്ന് പറഞ്ഞ് ലക്ഷക്കണക്കിനു രൂപ വാങ്ങിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും കിട്ടാതായതോടെ പണം നഷ്ടപ്പെട്ടയാളുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി.

തിങ്കളാഴ്ച ഉച്ചയോടെ പാലിയേക്കര ടോൾ പ്ലാസയ്ക്കടുത്തുള്ള പാലത്തിനടിയിൽ ഒത്തുചേർന്ന സംഘം ചാൾസിനെയും ശശാങ്കനെയും കാറിൽ കയറ്റി പുതുക്കാട് കല്ലൂരിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു. ഇറിഡിയം നൽകാത്തതിനെ ചോദ്യംചെയ്ത് ഇരുവരെയും മർദിച്ചു. പിന്നീട് പട്ടണത്തറ എന്ന സ്ഥലത്ത് കൊണ്ടുപോയി അവിടെവെച്ചും മർദിച്ചു. വൈകീട്ട് നാലോടെ പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി കോളേജിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന ധനേഷിന്റെ വീട്ടിലെത്തിച്ചും മർദിച്ചു. സംഘവുമായി ബന്ധമുള്ളയാളാണ് ധനേഷ്.

ഇവിടെയുണ്ടായ മർദനത്തിലാണ് ചാൾസ് മരിച്ചത്. ചാൾസ് മരിച്ചെന്ന് മനസ്സിലാക്കി വീട്ടിൽനിന്ന്‌ മൃതദേഹം കാറിൽ കയറ്റിയ സംഘം കയ്പമംഗലം വഞ്ചിപ്പുര ഭാഗത്തേക്ക്‌ വന്നു. ഇവിടെവെച്ച് ധനേഷിന്റെ സുഹൃത്തിനെക്കൊണ്ട് ആംബുലൻസ് വിളിച്ചുവരുത്തിച്ച് അപകടത്തിൽ പരിക്കേറ്റയാളെന്ന വ്യാജേന ആശുപത്രിയിലേക്ക്‌ അയയ്ക്കുകയായിരുന്നു. തങ്ങൾ പിന്നാലെ വന്നോളാമെന്ന് ആംബുലൻസ് ഡ്രൈവറോട് പറഞ്ഞ സംഘം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
 

Tags