കാസർകോട് ഹോസ്റ്റൽ നടത്തിപ്പിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ


കളമശ്ശേരി : മെൻസ്, ലേഡീസ് ഹോസ്റ്റൽ നടത്തിപ്പിന് മുതൽമുടക്കുന്നവർക്ക് ലാഭം വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കാസർകോട് തൃക്കരിപ്പൂർ ഉടുമ്പുംതല മാടയ്ക്കൽ കുറിപ്പാലത്ത് വീട്ടിൽ എം.കെ. സൈദിനെയാണ് (49) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നൈസ് സ്ലീപ് എന്ന പേരിൽ 70ഓളം മെൻസ്, ലേഡീസ് ഹോസ്റ്റലുകൾ നടത്തുന്നതിനാണ് നിക്ഷേപം സ്വീകരിച്ചത്.
50 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഒട്ടേറെ പേരിൽനിന്ന് പണം കൈപ്പറ്റിയശേഷം അതേ ഹോസ്റ്റലുകളുടെ ഓഹരി മറ്റാളുകൾക്കും മറിച്ചുനൽകി കോടികൾ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. 13.24 ലക്ഷം രൂപ നഷ്ടപ്പെട്ട കളമശ്ശേരി സ്വദേശി ഡോ. മുഹമ്മദലിയുടെ പരാതിയിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.