കാഞ്ഞങ്ങാട് വിവാഹ വീട്ടിൽനിന്ന് മാല കവർന്നത് പെൺകുട്ടിയെ കബളിപ്പിച്ച്
123

കാഞ്ഞങ്ങാട് : ചിത്താരിയിൽ വിവാഹവീട്ടിൽനിന്ന് പെൺകുട്ടിയുടെ ഒന്നരപ്പവൻ മാല കവർന്നത് മാജിക് കാണിച്ചുതരാമെന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച ശേഷം. ചേറ്റുകുണ്ട് സ്വദേശി ഷഫീഖാണ് (36) ആറു വയസ്സുകാരിയെ പറ്റിച്ച് ആഭരണം കവർന്നത്. കഴിഞ്ഞ ദിവസം ചിത്താരി സബാൻ റോഡിലെ നിസാറുടെ വീട്ടിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കുട്ടിയുടെ ആഭരണമാണ് കവർന്നത്. 

കഴുത്തിലുണ്ടായിരുന്ന ഒരു മുക്കുമാലയും പ്രതി കവർന്നിരുന്നു. സൗത്ത് ചിത്താരിയിലെ ഉമ്മറിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻസ്പെക്ടർ കെ.പി. ഷൈൻ പിടികൂടിയ പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാൻഡ് ചെയ്തു.

വിവാഹവീടിന് മുന്നിലെ ഇടവഴിയിൽ കണ്ട പെൺകുട്ടിയെ പ്രതി അരികെ വിളിച്ചു. കഴുത്തിലുള്ള മാലകൾ ഊരിനൽകിയാൽ മാജിക് കാണിച്ചുതരാമെന്നായി പ്രതി. പെൺകുട്ടിയുടെ കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും മുക്കുമാലയും ഊരിനൽകി. മാജിക് കാണണമെങ്കിൽ കണ്ണടക്കാൻ ആവശ്യപ്പെട്ടു. കുട്ടി കണ്ണടച്ച തക്കം നോക്കി ആഭരണവുമായി പ്രതി മുങ്ങുകയായിരുന്നു. 

Share this story