പൊട്ടിപ്പൊളിഞ്ഞ വഴിയിലൂടെയുള്ള യാത്രയെച്ചൊല്ലി തര്‍ക്കം ; ഓട്ടോ ഡ്രൈവറെ കല്ലിനിടിച്ചു കൊല്ലാന്‍ ശ്രമം: പ്രതിക്ക് ഒരുവര്‍ഷം കഠിന തടവ്

google news
Imprisonment

തൃശൂര്‍: പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്യാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവറെ കരിങ്കല്ലിനു തലയ്ക്കിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ഒരുവര്‍ഷം കഠിന തടവ്. ഓട്ടോ ഡ്രൈവര്‍ മാങ്ങാട്ടുകര കോലാട്ട് വീട്ടില്‍ ഷിബു (55)വിനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ മണലൂര്‍ പുത്തനങ്ങാടി തൈവളപ്പില്‍ ഗിരീഷി (46)നെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ അസി. സെഷന്‍സ് ജഡ്ജി പി.വി. റെജുല ശിക്ഷിച്ചത്.

2013 നവംബര്‍ 22ന് ഉച്ചയ്ക്കാണു കേസിനാസ്പദമായ സംഭവം. കണ്ടശാംകടവില്‍നിന്ന് ഷിബുവിന്റെ ഓട്ടോയില്‍ സുഹൃത്തിനൊപ്പം കയറിയ ഗിരീഷ് കരിക്കൊടിയിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. കുണ്ടുംകുഴിയുമായതിനാല്‍ മറ്റൊരു വഴി പോകാമെന്നു ഷിബു പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. പ്രതി ആവശ്യപ്പെട്ട വഴിയിലൂടെതന്നെ പോയെങ്കിലും കരിക്കൊടിയിലെത്തി ഇറങ്ങുന്ന സമയത്ത് വീണ്ടും തര്‍ക്കമുണ്ടായി. ഈ സമയം വഴിയില്‍നിന്ന് കരിങ്കല്ലെടുത്ത് ഷിബുവിന്റെ തലയ്ക്കിടിക്കുകയായിരുന്നു. 
പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി. തോമസ്, അഭിഭാഷകരായ റോണ്‍സ് വി. അനില്‍, എം.ആര്‍. കൃഷ്ണപ്രസാദ്, എ. കൃഷ്ണദാസ്, പി.ആര്‍. ശ്രീലേഖ എന്നിവര്‍ ഹാജരായി   

Tags