51.5 കിലോ കഞ്ചാവ് കൈവശംവെച്ച കേസ്; പ്രതിക്ക് 12 വർഷം കഠിന തടവ്

മഞ്ചേരി: കഞ്ചാവ് കൈവശംവെച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൽപകഞ്ചേരി കറുകത്താണി കല്ലൻ വീട്ടിൽ ഇബ്രാഹിമിനെയാണ് (31) മഞ്ചേരി എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ആറുമാസം കൂടി തടവ് അനുഭവിക്കണം. തിരൂർ എക്സൈസ് റേഞ്ച് ഓഫിസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2021 ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതി താമസിച്ചിരുന്ന തിരൂർ തങ്ങൾസ് റോഡിലുള്ള ക്വാർട്ടേഴ്സ്, പുറത്ത് നിർത്തിയിട്ടിരുന്ന പ്രതിയുടെ കാർ എന്നിവയിൽ നിന്നുമായി 51.5 കിലോ കഞ്ചാവ് പിടിച്ചെടുത്തെന്നാണ് കേസ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് തലവനായ അനികുമാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടറായിരുന്ന ഒ. സജിതയും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.