ഇടുക്കിയിൽ ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി രണ്ട് പേർ അറസ്റ്റിൽ

google news
money1

ഇടുക്കി : ഒരു കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി രണ്ട് പേരെ കട്ടപ്പന പൊലീസ് പിടികൂടി. ചെന്നൈയിൽ നിന്നും മൂവാറ്റു പുഴയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് പണം പൊലീസ് പിടികൂടിയത്. കാറിനുള്ളിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്.

തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് കോടികളുടെ കള്ളപ്പണം കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരു കോടി രണ്ടര ലക്ഷം രൂപയുമായി വന്ന വാഹനം കട്ടപ്പന ഡിവൈഎസ് പി വി എ നിഷാദ് മോൻറെ നേതൃത്വത്തിലുള്ള സംഘം പിടിച്ചത്. 

പുളിയന്മലക്കു സമീപം വച്ചാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശി പ്രതീഷ്, മുവാറ്റുപുഴ സ്വദേശി ഷബീർ എന്നിവരെയും കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ സ്വദേശിയായ നൗഷാദ് എന്നയാൾക്ക് കൈമാറാനായി ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന പണമാണിതെന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവർ നൽകിയ മൊഴി. കാറിനുള്ളിൽ പ്ലാറ്റ്ഫോമിനടിയിൽ രഹസ്യ അറ നിർമ്മിച്ച് ഇതിനുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

പിടിയിലായ ഷബീറും പ്രതീഷും മുമ്പും ഇത്തരത്തിൽ പണം കടത്തിയിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചിച്ചുണ്ട്. സംഭവം സംബന്ധിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിലുൾപ്പെട്ട മറ്റംഗങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും, ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. പണം പിടികൂടിയതിനെ തുടർന്ന് നൌഷാദിൻറെ മൂവാറ്റുപുഴയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി. 

Tags