ആസിഡും വടിവാളുമായി വീടിന് പിന്നിലെത്തി ഒളിച്ചിരുന്നു, സന്തോഷ് എത്തിയത് വിദ്യയെ കൊല്ലാനുറച്ച്
vidhya

പത്തനംതിട്ട : വീട്ടില്‍കയറി യുവതിയെയും അച്ഛന്‍ വിജയനെയും ക്രൂരമായി വെട്ടിയതിനുശേഷം കടന്ന സന്തോഷിനെ പോലീസ് പിടികൂടിയത് തന്ത്രപരമായി. കൃത്യം നടന്ന് മൂന്നര മണിക്കൂറിനകം സന്തോഷിനെ കൂടല്‍ സി.ഐ. ജി.പുഷ്പരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

ആക്രമണംനടന്ന സ്ഥലത്തുനിന്ന് സന്തോഷിന്റെ ഫോണ്‍ നമ്പര്‍ ശേഖരിച്ച പോലീസ് ഫോണ്‍കോള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചത്. ഇതിനൊപ്പം സന്തോഷ് ഏഴംകുളത്തുള്ള വീട്ടില്‍ എത്താനുള്ള സാധ്യതയും മനസ്സിലാക്കി അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു.

ഏഴംകുളത്തുള്ള വീട്ടില്‍ പോലീസെത്തിയ സമയത്ത് സന്തോഷ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്നാണ് സന്തോഷിന്റെ അനുജനെ പോലീസ് ചോദ്യം ചെയ്തത്.ആക്രമണം നടത്തിയശേഷം സന്തോഷ് വീട്ടില്‍ എത്തിയിരുന്നതായും ചോദ്യംചെയ്യലില്‍ മനസ്സിലായി.

പോലീസ് വീട്ടില്‍ നില്‍ക്കുന്ന സമയത്ത് സന്തോഷ് വീണ്ടും അതുവഴിവന്നു. വീട്ടില്‍ ആളുണ്ടെന്ന് മനസ്സിലാക്കി ബൈക്കില്‍ പാഞ്ഞുപോകുകയും ചെയ്തു.പോലീസ് ബൈക്കിനെ പിന്തുടര്‍ന്നാണ് പഴകുളത്തെത്തി പിടികൂടിയത്.

സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതിയെ വലയിലാക്കാന്‍ പഴുതടച്ചുള്ള അന്വേഷണമാണ് കൂടല്‍ സി.ഐ. ജി.പുഷ്പരാജ്, എസ്.ഐ. കെ.ദിജേഷ്, എസ്.ഐ. വാസുദേവക്കുറുപ്പ്, എസ്.സി.പി.ഒ. അജിത്കുമാര്‍, സി.പി.ഒ.മാരായ അനൂപ്, പ്രമോദ് എന്നിവര്‍ നടത്തിയത്. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴും ജനങ്ങളുടെ രോഷം മനസ്സിലാക്കി അവരെ ശാന്തരാക്കുന്നതിനും പോലീസ് വലിയ ശ്രമം നടത്തി.

Share this story