തൃശ്ശൂരിൽ മ്ലാവിനെ വേട്ടയാടി കറി വച്ച് കഴിച്ച സംഭവം : 50 വയസുകാരൻ പിടിയിൽ
തൃശൂർ: മ്ലാവിനെ വേട്ടയാടി കറി വച്ച് കഴിച്ച സംഭവത്തിൽ 50 വയസുകാരൻ പിടിയിൽ. ചാലക്കുടി പോട്ടയിലെ വീട്ടിൽ നിന്നും മ്ലാവിറച്ചി പിടികൂടിയ സംഭവത്തിൽ ഒളിവിലായിരുന്ന കുറ്റിച്ചിറ സ്വദേശി തട്ടകം വീട്ടിൽ ഡേവീസിനെയാണ് (50) വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് മുപ്ലിയം ഫോറസ്റ്റ് അധികൃതർ പിടികൂടിയത്.
കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളാണ് പിടിയിലായത്. ആന കൊമ്പ് മോഷണം, സ്വർണ്ണ കവർച്ച തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ.
2019 മെയ് മാസത്തിൽ മോസ്കോ നഗർ സ്വദേശി കായംകുളം വീട്ടിൽ നിഷാദിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ഇരുകാലുകളും കൈയ്യും തല്ലിയൊടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. മ്ലാവിറച്ചി പിടികൂടിയ സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷൻ സംഘമാണ് പിടികൂടിയത്. ഈ സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് പേരെ നേരത്തെ പിടികൂടിയിരുന്നു.
ഇയാൾക്കെതിരെ വെള്ളികുളങ്ങര, എറണാകുളം സെൻട്രൽ, തൃശ്ശൂർ ഈസ്റ്റ്, അതിരപ്പിള്ളി സ്റ്റേഷനുകളിലായി 13 ഓളം ക്രിമിനൽ കേസുകളുണ്ട്. മുത്തങ്ങ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും പരിയാരം റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും ആന കൊമ്പ് മോഷണം, ചന്ദനമോഷണം തുടങ്ങിയ കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.