ഗുരുവായൂരിൽ മോഷണ കേസിലെ പ്രതികൾ പിടിയിൽ
ഗുരുവായൂർ: സ്കൂട്ടറിൽ യാത്ര ചെയ്യുന്ന സ്ത്രീകളെ തടഞ്ഞുനിർത്തി കൈയിൻ പൊട്ടിച്ചെടുക്കുന്ന രണ്ടുപേരെ ഗുരുവായൂർ പൊലീസ് സാഹസികമായി പിടികൂടി. പിടി കൂടാനുള്ള ശ്രമത്തിനിടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. കിഴൂർ പുത്തിയിൽ ശ്രീക്കുട്ടൻ (26), തിരുവത്ര കണ്ണിച്ചി വീട്ടിൽ അനിൽ (24) എന്നിവരെയാണ് ഗുരുവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. കുറച്ചു ആഴ്ചകളായി ഗുരുവായൂർ മേഖലയിൽ ആശങ്ക പരത്തിയ സംഘത്തെയാണ് പിടികൂടിയത്.
ഗുരുവായൂർ സ്റ്റേഷൻ പരിധിയിലെ അരിയന്നൂർ, ഇരിങ്ങപ്പുറം, വടക്കേകാട് സ്റ്റേഷൻ പരിധിയിലെ നമ്പീശൻ പടി, ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ പരിധിയിലെ താമരയൂർ, കമ്പിപ്പാലം എന്നിവിടങ്ങളിൽ ഇവർ മോഷണം നടത്തിയിരുന്നു. സ്കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീകളെ ഇരുചക്ര വാഹനത്തിൽ പിന്തുടർന്ന് തടഞ്ഞ് നിർത്തി കൈചെയിൻ പൊട്ടിക്കുകയാണ് ചെയ്തിരുന്നത്.
രാത്രി ഏഴിനുശേഷം ജോലി കഴിഞ്ഞ് മടങ്ങുന്നവരാണ് പിടിച്ചു പറിക്ക് ഇരയായത്. ഇത്തരം മോഷണങ്ങൾ വർധിച്ചതിനെ തുടർന്ന് കമീഷണർ ആർ. ഇളങ്കോവിന്റെ നിർദേശ പ്രകാരം എ.സി.പി കെ. എം. ബിജുവിന്റെ നേതൃത്വത്തിൽ ഗുരുവായൂർ പൊലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ സംഘം ശേഖരിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിനിടെ വെള്ളിയാഴ്ച രാത്രി സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റ് വെച്ച് സഞ്ചരിക്കുന്നവരെ കണ്ടെത്തി. ഇൻസ്പെക്ടർ സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ പോയി. തുടർന്ന് മൂന്ന് സംഘങ്ങളായി നടത്തിയ തിരച്ചിലിൽ കോട്ടപ്പടി അങ്ങാടിയിൽ വെച്ച് പ്രതികളെ കണ്ടെത്തി.
പൊലീസിനെ കണ്ട പ്രതികൾ വെട്ടിച്ച് പോകാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചു. പരിക്കേറ്റെങ്കിലും പൊലീസ് പിന്തുടർന്ന് പ്രതികളെ പിടികൂടി.
പൂക്കടയിൽ ജോലിചെയ്യുന്ന പ്രതികൾ രാത്രിയിലും പൂക്കടയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി പിടിച്ചു പറി നടത്തുകയായിരുന്നു. പ്രതികളിൽനിന്ന് കുരുമുളക് സ്പ്രേ, വ്യാജ നമ്പർ പ്ലേറ്റ് എന്നിവ കണ്ടെടുത്തു. പൊട്ടിച്ചെടുക്കുന്ന സ്വർണം പണയം വെച്ച് ആഡംബര ജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ ശരത് സോമൻ, എ.എസ്.ഐമാരായ വിപിൻ, വഹാബ്, സീനിയർ സി.പി.ഒമാരായ കെ.പി. ഉദയകുമാർ, കെ. കൃഷ്ണപ്രസാദ്, വി.പി. സുമേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ടി.കെ. നിഷാദ്, ഹരികൃഷ്ണൻ, ജോസ് പോൾ, എൻ.ആർ. റെനീഷ്, ഡാൻസാഫ് അംഗങ്ങളായ സീനിയർ സി.പി.ഒ ശരത്, സി.പി.ഒമാരായ സുജിത്, നിബു നെപ്പോളിയൻ, സ്പെഷൽ ബ്രാഞ്ച് ഓഫിസർ സുബിൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സുജിത്, നിബു നെപ്പോളിയൻ എന്നിവർക്കാണ് പരിക്കേറ്റത്.